കൊല്ലത്ത് അഞ്ചൽ ചണ്ണപ്പേട്ടയിൽ മനോഹരമായ കുടുക്കത്ത് പാറ സന്ദർശിക്കാം


കുടുക്കത്ത് പാറയിലെ കാഴ്ചകൾ

മികച്ച ടൂറിസം കേന്ദ്രമായി അതിവേഗം വളരുന്ന ഒരു പ്രദേശമാണ് കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുടുക്കത്ത് പാറ. ഈ പാറയുടെ മുകളിൽ നിന്നാൽ കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടും കാണാനാകും എന്നതാണ് പ്രത്യേകത.

Kudukkath Para is a fast growing tourist destination located in the Alayaman Panchayath in Kollam district. From the top of this rock, tourists can see four districts of Kerala and Tamil Nadu

കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ആനക്കുളം പ്രദേശത്തെ കുടുക്കത്തു പാറയും ഇതുമായി ബന്ധപ്പെട്ട പ്രദേശവും സഞ്ചാരികളെ മാടി വിളിക്കുന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ദൃശ്യവിസ്മയങ്ങളില്‍ ഒന്നാണ് കുടുക്കത്തുപാറയും അതിനു ചുറ്റുമുള്ള വനപ്രദേശവും. ആനക്കുളം ജങ്ഷനില്‍നിന്നു വനപാതയിലൂടെ സഞ്ചരിച്ച് കുടുക്കത്തുപാറയില്‍ എത്താം. അവിടെനിന്നു കുന്നുകയറി പാറയുടെ നെറുകയില്‍ എത്തിയാല്‍ നാലുചുറ്റും നോക്കെത്താദൂരം വരെ പ്രകൃതിമനോഹര ദൃശ്യങ്ങളാണ്. കിഴക്കുതെക്കുഭാഗത്ത് പൊന്മുടി മലനിരകളും സഹ്യപര്‍വത മലനിരകളും കാണാം. പടിഞ്ഞാറ് തെളിഞ്ഞ കാലാവസ്ഥയില്‍ തങ്കശേരി വിളക്കുമരത്തിന്റെ പ്രകാശം വരെ സന്ധ്യസമയത്ത് കാണാന്‍ കഴിയും. കുടുക്കത്തുപാറയില്‍തന്നെ സായിപ്പ് ഗുഹ, ട്രെയിന്‍ പാറ, കാവ് എന്നിവയും കാണാം. പാറ ആരംഭിക്കുന്നിടത്തുനിന്നു മലമുകളിലേക്ക് ഇരുസൈഡിലും കൈവരികളോടുകൂടിയ പടികള്‍ ഉണ്ട്. പടി കയറി ക്ഷീണിക്കുമ്പോള്‍ ചാരി ഇരിക്കുന്നതിന് ഇടവിട്ട് ബഞ്ച് സ്ഥാപിച്ചിട്ടുണ്ട്. പടികള്‍ കയറുന്നതിന് ആവശ്യമായവര്‍ക്കു താങ്ങായി പിടിച്ചുകയറാനാണ് പടികളുടെ ഇരുസൈഡിലും ഇരുമ്പുപൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.


അഞ്ചല്‍ ടൗണില്‍നിന്നു എട്ടു കിലോമീറ്റര്‍ അഞ്ചല്‍ ആനക്കുളം- ഓന്തുപച്ച റോഡില്‍ സഞ്ചരിച്ചാല്‍ കുടുക്കത്തു പാറയിലെത്താം.

തിരുവനന്തപുരം-കുളത്തൂപ്പുഴ റോഡില്‍ഓന്തുപച്ചയില്‍നിന്നു നാലു കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം.